2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

എന്നെ ഞാന്‍ തന്നെ കാക്കണം


ഇനിയെവിടെയാണെനിക്കൊരഭയം
ആരിലാണെന്‍റെ രക്ഷകന്‍
കുഞ്ഞിക്കൈപിടിച്ചുനടത്തിയോരഛനോ
കുഞ്ഞുമ്മനല്‍കി കൂടെവളര്‍ന്നൊരേട്ടനോ
ഹൃദയത്തില്‍ കൂടുകൂടിയ സ്നേഹിതനോ.
ആരെയും വിശ്വസിക്കാന്‍ കഴിയാതെ
ഒറ്റയ്ക്ക് പുറത്തൊന്നിറങ്ങുവാനാകാതെ
തനിയെ വീട്ടിലും കഴിയുവാനാകാതെ
എത്രനാള്‍ എത്രനാളീ നശിച്ച ജീവിതം
ഈ പെണ്‍ജന്മമൊരു ശാപമായി മാറിയോ
വിലക്കുകളില്ലാതെ കൂട്ടരോടൊത്തുകൂടാന്‍
ഉടല്‍ കൊതിക്കാത്തൊരാണ്‍ സുഹൃത്തിനെ കിട്ടുവാന്‍
ഇനിയുമെത്ര ജന്മങ്ങള്‍ കഴിയണം
മക്കളെപ്പെറ്റൊരുമൂലയിലൊതുങ്ങുവാന്‍
യന്ത്രങ്ങള്‍ മാത്രമായ് തീരാനീ ജീവിതം
പണ്ഢിതര്‍ പോലും വിടുവായരായ് മാറുമ്പോള്‍
പാമരര്‍ എന്തൊക്കെ ചെയ്തുകൂട്ടും..
ഒരു നാള് വരും ഞങ്ങളെ മനുഷ്യരായ് കാണുന്ന
ഞങ്ങള്‍ക്കും ഹൃദയവിചാരങ്ങളുണ്ടെന്ന
തിരിച്ചറിവിന്‍റെയൊരുനാള്‍ വരും
അതുവരെ പോരാടണം
എന്നെ ഞാന്‍ തന്നെ കാക്കണം...

2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

നിത്യശാന്തി.

പ്രിയ സുഹൃത്തേ നിന്നാത്മാവിനു
നേരുന്നു ഞാന്‍ നിത്യശാന്തി.
ഒരു യാത്രാമൊഴിപോലുമില്ലാതെ
നോവുന്ന ഹൃദയവും താങ്ങി
വ്യഥകളില്‍ നീങ്ങിയജീവിതം
ഇനി നീ വേണ്ടെന്നു വച്ചതോ..?
ചില വാക്കുകള്‍ സൂചനകള്‍
ഇല്ല നിനക്കാകില്ല ഞങ്ങളെ
ഒരുമാത്രയെങ്കിലും കാണാതിരിക്കുവാന്‍
സ്വന്തം വ്യഥകളെ ചിരിയാല്‍ മറച്ചു നീ
കളിയായ് കലഹിച്ച് നടന്നകാലം
ഇതൊന്നുമറിയാതെയെന്‍റെ മനസ്സില്‍ നീ
ചെറിയൊരനിഷ്ടമായ് നിറഞ്ഞിരുന്നോ..?
അറിയാതെ നല്ല സുഹൃത്തുക്കളായിട്ടും
നീയൊന്നുമെന്നോട് പറഞ്ഞുമില്ല
പിന്നെയറിഞ്ഞപ്പോള്‍ നീയുമില്ല.
ഇനിയെന്‍റെ ഓര്‍മ്മയില്‍ ഒരു തിരിനാളമായ്
അണയാതെ നീയെന്നുമുണ്ടാകുമോ..?
അറിയില്ല പതിവുപോല്‍ മറവിതന്‍ കയങ്ങളില്‍
ഒരു പക്ഷെ നീയും അലിഞ്ഞ് ചേരാം
എന്നാലുമെന്‍റെയീ മൌനമാം പ്രാര്‍ത്ഥന
നിന്‍റെയാത്മാവിനായ് അര്‍പ്പിക്കുന്നു
ഇനിവരും ജന്മങ്ങളെങ്കിലും ഒരുനല്ല
ഹൃദയം ലഭിക്കുവാനിടയായിടട്ടെ
അതുവരെ പുണ്യമാം നിന്‍റെയാത്മാവിന്
നിത്യതയില്‍ ശാന്തി ലഭിച്ചിടട്ടെ.