2013, ജൂലൈ 21, ഞായറാഴ്‌ച

നമുക്ക് നാമേ തുണയാകുക


ഒരു പൂമ്പാറ്റയെപ്പോലെ പാറിനടക്കേണ്ടവന്‍
ഇന്ന് സ്വയമൊന്ന് ശ്വസിക്കുവാന്‍ പോലുമാവാതെ 
 ജന്മംകൊടുത്തവരുടെ ക്രൂരതയ്ക്ക് പാത്രമായ്  
വിധിയോട് മല്ലടിക്കുമ്പോള്‍   നാമെവിടെയായിരുന്നു.??? 
ചുറ്റും നടക്കുന്നതൊന്നും കാണാന്‍ കഴിയാതെ 
അന്ധത ബാധിച്ച മനസ്സുമായ്  ഇനിയുമെത്രനാള്‍ ??? 
തലോടേണ്ട കൈകളാല്‍  തല്ലേറ്റ് കരയുമ്പോള്‍  
അരുതെന്ന് ചൊല്ലുവാനാകാതെ  അന്ധത തടയുന്നു. 
 സ്വയമൊരു വാത്മീകത്തിലൊതുങ്ങുമ്പോള്‍  
ലോകമാകെ ക്രൂരതകളാല്‍ നിറയുന്നു  
ശുഭമായതൊന്നും വാര്‍ത്തകളില്‍ നിറയാത്ത
 തീരെ ശുഭമല്ലാത്തൊരു ലോകം 
 പ്രായഭേദമന്യ പീഡിതരാകുന്ന
പെണ്‍ജന്മങ്ങളുടെ ലോകം 
എല്ലാരുമുണ്ടേലും ആരുമില്ലാത്ത 
അനാഥബാല്യങ്ങലുടെ ലോകം  
പ്രജകളെ പട്ടിണിക്കോലങ്ങളാക്കുന്ന 
എന്തിനും മടിക്കാത്തെ ഭരണവര്‍ഗ്ഗങ്ങളുടെ ലോകം  
ഉണരുക, നമുക്ക് നാമേ   തുണയാകുക 
കൂടെ സഹജീവികള്‍ക്കും.

2013, ജൂലൈ 8, തിങ്കളാഴ്‌ച

സ്വപ്നങ്ങള്‍ എന്നും സ്വപ്നങ്ങള്‍ മാത്രമാവുമ്പോള്‍..

ജൂണില്‍ സ്ക്കൂള്‍ തുറക്കുമ്പോഴത്തെ അധികച്ചിലവുകള്‍ ഇപ്പൊഴേ മിച്ചം പിടിച്ചാലേ എന്തെങ്കിലും ഉണ്ടാവൂ.. അല്ലെങ്കിലും കൂടെയുള്ളവരുടെ കൊച്ചു കൊച്ചു ആഘോഷങ്ങളില്‍   പോലും താന്‍ പങ്കുചേരാറില്ലല്ലോ.. താന്‍ ഇവിടെ ഇത്തിരി കഷ്ടപ്പെട്ടാലും നാട്ടില്‍ സന്തോഷത്തോടെ കഴിയുന്ന ഭാര്യയുടേയും കുട്ടികളുടെയും മുഖം ഓര്‍ക്കുമ്പോള്‍ മനസ്സിനു ഒരു കുളിര്‍മ്മയാണ്..കാലത്തെ എഴുന്നേറ്റ്  കൂടെ കൊണ്ടുപോകാനുള്ള ഭക്ഷണമുണ്ടാക്കുമ്പോഴും കുട്ടികളെയും  ഭാര്യയും പറ്റിത്തന്നെയായിരുന്നു ചിന്ത മുഴുവനും... സമയത്ത് എത്തിയില്ലെങ്കില്‍ വണ്ടി പോകും കൂടെ ഇന്നത്തെ ജോലിയും  ഫോര്‍മ്മാന്റെ  വക തെറി വേറെ കേള്ക്കേം വേണം . പതിവായ സ്വപ്നങ്ങളില്‍ മുഴുകി ധൃതിയില്‍ നടന്നു നീങ്ങുമ്പോള്‍ അലസത മാത്രം കൈമുതലായ സ്വദേശിയുടെ വേഗതയേറിയ കാറില്‍ തന്റെ  കാലന്‍ ഒളിഞ്ഞിരുന്നത് അറിഞ്ഞിരുന്നില്ല. സ്വപ്നങ്ങള്‍ക്ക് മീതെ ഇരുള്‍ പരക്കുമ്പോള്‍ നാട്ടില്‍ അനാഥമാവുന്ന കുടുംബത്തിന്റെ ചിത്രവും പതിയെ തെളിഞ്ഞ് മാഞ്ഞു. ഇതിലൊന്നും പുതുമയില്ലതെ പതിവുപോലെ നിര്‍ത്താതെ വേഗത അൽപ്പം പോലും  കുറയ്ക്കാതെ ആ കാറും അതില്‍  ജോലിതീര്‍ത്ത് കാലനും പാഞ്ഞുപോയി.